തിരുവനന്തപുരം: വ്യാജ സൗന്ദര്യവർധക ഉത്പന്നങ്ങൾ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ഓപ്പറേഷൻ സൗന്ദര്യയുടെ പരിശോധനകൾക്കെതിരെ വ്യാപാരികൾ രംഗത്ത്. കടകളിൽ പരിശോധന നടത്തി സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
പരിശോധനകൾ ഉദ്യോഗസ്ഥരുടെ ടാർഗറ്റ് പൂർത്തിയാക്കാനാണെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ആരോപിച്ചു. സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം വ്യാപാരികൾക്കില്ലെന്നും ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിൽക്കാൻ പാടില്ലാത്ത ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് അധികൃതർ വ്യാപാരികളെ അറിയിക്കണം. ഓപ്പറേഷൻ സൗന്ദര്യയുടെ പേരിൽ വ്യാപാരികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ദേവസ്യ മേച്ചേരി വ്യക്തമാക്കി.
വ്യാജ സൗന്ദര്യവർധക ഉത്പന്നങ്ങൾ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ സൗന്ദര്യ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
മലപ്പുറത്ത് മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓപ്പറേഷൻ സൗന്ദര്യയുടെ പരിശോധനകൾ വീണ്ടും ശക്തമാക്കിയത്.


