തൃശ്ശൂർ: ചാലക്കുടി ദേശീയപാതയിൽ മുരിങ്ങൂർ ഭാഗത്ത് വീണ്ടും ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഏകദേശം എട്ടു മണിയോടെയാണ് സാധാരണ നിലയിലായത്. തൃശൂർ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ദേശീയപാതയിലാണ് ഗതാഗത കുരുക്ക്. രണ്ട് ദിവസത്തെ അവധി കഴിഞ്ഞു മണ്ഡലകാലത്തെ ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ വലിയ തിരക്കുമാണ് ഗതാഗതക്കുരുക്കിന് കാരണമായത്
കൊടകര–ആളൂർ–മാള വഴി വാഹനങ്ങളെ എറണാകുളത്തേക്ക് തിരിച്ചുവിടാൻ പൊലീസ് ആരംഭിച്ചതോടെ മുരിങ്ങൂരിലെ തിരക്ക് കുറച്ചെങ്കിലും, അടിപാത നിർമാണസ്ഥലത്തേക്ക് വാഹനങ്ങൾ കൂട്ടമായി നീങ്ങുന്നതും സർവീസ് റോഡിന്റെ പരിമിതമായ വീതിയും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകാൻ കാരണമായി.
ചിറങ്ങര അടിപ്പാത നിർമാണത്തിനടുത്തുള്ള ചിറങ്ങര ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പഭക്തർ എത്തുന്നതോടെ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടത് ഗതാഗത തടസ്സം കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. ഈ വാഹനങ്ങൾ മാറ്റിപ്പാർപ്പിച്ചതോടെയാണ് ആ ഭാഗത്തെ ഗതാഗതക്കുരുക്ക് ഭാഗികമായി മാറിയത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുള്ളതിനാൽ പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.






