തിരുച്ചിറപ്പള്ളി: പരിശീലനത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി–പുതുക്കോട്ട ദേശീയപാതയിൽ പരിശീലന വിമാനം അടിയന്തരമായി നിലത്തിറക്കി.
സേലത്തിൽ നിന്ന് പറന്നുയർന്ന ഒറ്റ എൻജിൻ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അടിയന്തര ലാൻഡിംഗിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി വ്യോമയാന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിലച്ചതായും, പിന്നാലെ ഗതാഗതം പുനഃസ്ഥാപിച്ചതായും പോലീസ് അറിയിച്ചു. വിമാനത്തിനും റോഡിനും ചെറിയ തോതിൽ മാത്രമാണ് നാശനഷ്ടം സംഭവിച്ചത്. സംഭവദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.










