അലുമിനിയം, സ്റ്റീൽ എന്നീ ഇറക്കുമതികൾക്ക് തീരുവ 50 ശതമാനമായി ഇരട്ടിയാക്കുകയാണെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇവയ്ക്ക് 25 ശതമാനമാണ് താരിഫ്. ഇതിൽ നിന്നാണ് 50 ശതമാനമായി തീരുവ ഉയർത്തുന്നത്. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ജപ്പാൻ ആസ്ഥാനമായുള്ള നിപ്പോൺ സ്റ്റീൽ കമ്പനിയിൽ നിക്ഷേപം നടത്തുന്ന കരാറിന് കീഴിൽ യുഎസ് സ്റ്റീൽ ഒരു അമേരിക്കൻ കമ്പനിയായി തുടരുമെന്നും ട്രംപ് പറഞ്ഞു. ചൈനയെ ആശ്രയിക്കുന്ന സ്റ്റീൽ വ്യവസായം കുറയ്ക്കുന്നതിനും പ്രാദേശിക സ്റ്റീൽ വ്യവസായവും വിതരണ ശൃംഖലയും മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.ജൂൺ 4 മുതൽ ഉയർന്ന താരിഫ് നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.






