വേറെ ആരും ചെയ്യേണ്ട, പക്ഷേ എനിക്ക് ചെയ്യാം- ഇതാണ് റഷ്യൻ എണ്ണയുടെ കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. സ്വന്തം നിലപാടുകൾ കാറ്റിൽപ്പറത്തിയ ട്രംപ്, റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതിക്കായി റഷ്യൻ പ്രസിഡന്റ് ഡോണൾഡ് പുട്ടിനുമായി ധാരണയിലെത്തിയതാണ് ഇന്ത്യയെ അടക്കം സകല രാജ്യങ്ങളേയും അമ്പരപ്പിച്ചിരിക്കുന്നത്.
യുഎസിലേക്കും ആഗോള വിപണിയിലേക്കും 40 ലക്ഷം ടൺ ഡീസൽ ഇതുപ്രകാരം റഷ്യ ലഭ്യമാക്കും. യുഎസിൽ ലഭ്യതക്കുറവിനെ തുടർന്ന് ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് റഷ്യയുമായി ഡീൽ. അതായത്, സ്വന്തം ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാനായി റഷ്യയുമായും പുട്ടിനുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നതാണ് ഈ ഡീലിലൂടെ അമേരിക്ക പറയുന്നത്.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ ട്രംപ് പിഴച്ചുങ്കം ഉൾപ്പെടെ ചുമത്തിയപ്പോൾ ഇന്ത്യ ഉയർത്തിയ വാദവും ഇതു തന്നെയായിരുന്നു. 140 കോടി ജനങ്ങളുടെ ഊർജസുരക്ഷയും രാജ്യത്തിന്റെ താൽപ്പര്യവുമാണ് പ്രധാനമെന്നു പറഞ്ഞ ഇന്ത്യ, എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പരമാധികാരവും ഇന്ത്യയ്ക്കുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിൽ കുറച്ച് കാലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും അത്ര നല്ല രീതിയിലല്ല പോകുന്നത്. അതിനിടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ചതിക്കുന്ന തരത്തിലുള്ള ട്രംപിന്റെ ഡീൽ.
ഹോർമൂസ് പ്രതിസന്ധി രൂക്ഷമായപ്പോൾ റഷ്യൻ എണ്ണ വാങ്ങിയ ഇന്ത്യയും ചൈനയും ഉൾപ്പെടെ 5 രാജ്യങ്ങൾക്കുമേൽ 100% അധികത്തീരുവ ചുമത്താവുന്ന ബില്ലിൽ ഒപ്പുവച്ച അതേ ട്രംപാണ് ഇപ്പോൾ അതേ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഡീൽ ഉറപ്പാക്കിയിരിക്കുന്നത്. ഇനി എന്തുപറഞ്ഞ് ട്രംപ് ഇന്ത്യയ്ക്കുമേൽ 100% തീരുവ ചുമത്തുമെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഇനി അമേരിക്ക അമേരിക്കയ്ക്കുമേൽ തന്നെ തീരുവ ചുമത്തുമോ എന്ന പരിഹാസവും ഉയർന്നു കഴിഞ്ഞു.
ആഗോള വിപണിയിലെ ഇന്ധനവില പിടിച്ചു നിർത്താനായി റഷ്യയിൽ നിന്ന് ദശലക്ഷക്കണക്കിന് ടൺ ഡീസൽ നേരിട്ട് വാങ്ങാനാണ് നിലവിലെ തീരുമാനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഡോണൾഡ് ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. തുടക്കത്തിൽ 300,000 ടണ്ണും, തുടർന്ന് ലക്ഷക്കണക്കിന് ടണ്ണും ഡീസൽ ലഭ്യമാക്കുന്ന ഈ കരാർ, അമേരിക്കയുടെ ഉപരോധ നയങ്ങളിലെ വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. വിലക്കയറ്റം മൂലം പ്രതിസന്ധിയിലായ കർഷകരെയും തൊഴിലാളികളെയും സഹായിക്കാനാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
എന്നാൽ, റഷ്യയിൽ നിന്ന് ഊർജം വാങ്ങിയതിന് ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും പടിഞ്ഞാറൻ രാജ്യങ്ങൾ കുറ്റപ്പെടുത്തിയ പഴയകാലവുമായി ഇതിനെ താരതമ്യം ചെയ്യുമ്പോൾ വലിയൊരു വൈരുദ്ധ്യം ഇതിലൂടെ പുറത്തുവരുന്നു. സ്വന്തം ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയപ്പോൾ അതിനെ വിമർശിച്ച അമേരിക്ക, സ്വന്തം രാജ്യത്തെ പ്രതിസന്ധി വരുമ്പോൾ അതേ നയം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ഈ കരാർ വലിയൊരു പരിഹാരത്തേക്കാൾ ഉപരി ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും ഊർജ വിദഗ്ദ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ ആഗോള തലത്തിലെ ഊർജ നയങ്ങളെ ഈ മലക്കംമറിച്ചിൽ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഇതിനെല്ലാം പുറമെയാണ് ഇന്ത്യൻ ഐടി കമ്പനികളുടെ ഉൾപ്പെടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യുഎസിന്റെ തീരുമാനം ഇന്ത്യ-അമേരിക്ക ബന്ധത്തെ കൂടുതൽ വഷളാക്കുന്നത്. ഇരു രാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ അമേരിക്കൻ നിലപാടുകൾ തടസ്സമാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു കഴിഞ്ഞു. വിദേശ പ്രഫഷനലുകളെ ‘കരാർ അടിമകൾ’ എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വിശേഷിപ്പിച്ചത് ഇന്ത്യയെ ചൊടിപ്പിച്ചുവെന്നുറപ്പ്. പരാമർശം അനാവശ്യവും അപമാനകരവുമാണെന്ന് പരസ്യമായി ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്.
അടിമത്തത്തിന്റെയും കൊളോണിയൽ ചരിത്രത്തിന്റെയും വേദനാജനകമായ ഓർമകൾ ഉണർത്തുന്ന പദപ്രയോഗം അങ്ങേയറ്റം അപമാനകരമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് തലമുറകളായി യുഎസിലേക്ക് കുടിയേറിയവർ യുഎസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഇന്ത്യ ഓർമിപ്പിച്ചു.
എന്തായാലും പുതിയ റഷ്യ ഡീൽ ഏത് രീതിയിൽ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.




