പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ കേരള സർക്കാർ അവഗണിക്കുന്നുവെന്ന് മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കർ. മെഡൽ നേട്ടത്തിനുശേഷം മുഖ്യമന്ത്രി, കായികമന്ത്രി ഉൾപ്പെടെ ആരും വിളിച്ച് സംസാരിച്ചിട്ടില്ലെന്നും താരം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികങ്ങൾ നൽകുമ്പോൾ കേരളത്തിൽനിന്ന് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രീശങ്കർ പ്രതികരിച്ചു.
പാരിതോഷികത്തിലും മറ്റ് ആനുകൂല്യങ്ങളിലും കേരളം പിന്നിലാണെന്നാണ് താരത്തിന്റെ വിമർശനം. കുറവ് പാരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിൽ മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ ആരോപിച്ചു.
കേരളത്തിൽനിന്ന് അർഹമായ പിന്തുണ ലഭിക്കുന്നില്ലെന്ന വിമർശനത്തിനിടെ ശ്രീശങ്കറിനെ സ്വാഗതം ചെയ്ത് തമിഴ്നാട് രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി വഴി കായികതാരങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും കേരളത്തിൽ സമാനമായ പിന്തുണാ സംവിധാനങ്ങൾ ഇല്ലെന്നും ശ്രീശങ്കർ ചൂണ്ടിക്കാട്ടി.
പരിശീലനത്തിനും യാത്രയ്ക്കും ഉൾപ്പെടെ വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. എന്നാൽ ഇത്തരം ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരിൽനിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് താരത്തിന്റെ പരാതി. പരിശീലനത്തിനാവശ്യമായ നാട്ടിലെ ട്രാക്ക് പോലും സർക്കാർ നന്നാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സാണ് ഇനി മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള സമയമാണിതെന്നും ശ്രീശങ്കർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തമിഴ്നാട് മുന്നോട്ടുവെച്ച ഓഫർ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ-അന്തർദേശീയ തലങ്ങളിൽ കേരളത്തിന്റെ അഭിമാനമായ കായികതാരങ്ങൾക്ക് ആവശ്യമായ പരിശീലനസൗകര്യങ്ങളും സാമ്പത്തിക പിന്തുണയും ഉറപ്പാക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുകയാണ് .




