വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോൾ ഒരു കരാറിലേക്ക് എത്താൻ താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും കൂടുതൽ ശക്തമായ വ്യവസ്ഥകളിൽ മാത്രമേ ധാരണയിലേക്ക് എത്താനാകൂ എന്നും ട്രംപ് പറഞ്ഞു. എന്നാൽ ആ കരാറിൽ ഉൾപ്പെടേണ്ട പ്രത്യേക നിബന്ധനകൾ എന്തൊക്കെയാണെന്ന കാര്യത്തിൽ അദ്ദേഹം കൂടുതൽ വിശദീകരിക്കാൻ തയ്യാറായില്ല.
ഇറാന്റെ പുതിയ പരമോന്നത നേതാവായി പറയപ്പെടുന്ന മൊജ്തബ ഖമേനിയെക്കുറിച്ചും ട്രംപ് സംശയം പ്രകടിപ്പിച്ചു. അധികാരം ഏറ്റെടുത്തതിന് ശേഷം ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ വെറും അഭ്യൂഹങ്ങളാണോ എന്നതും വ്യക്തമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഖമേനി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തന്റെ രാജ്യത്തിന്റെ ഭാവി പരിഗണിച്ച് ബുദ്ധിപരമായ തീരുമാനം എടുക്കണമെന്നും, അത് കീഴടങ്ങലാകണമെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ഭാവി നേതാവായി ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന്, മികച്ച ഭരണാധികാരികളാകാൻ കഴിവുള്ള നിരവധി പേർ ഇറാനിൽ ഉണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി.






