അങ്കാര: തുർക്കി സൈന്യത്തിന്റെ സി–130 ഹെർക്കുലീസ് കാർഗോ വിമാനം തകർന്നുവീണ് 20 പേർ മരിച്ചു. ജോർജിയയും അസർബൈജാനും തമ്മിലുള്ള അതിർത്തിപ്രദേശത്താണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് പറന്നതിനു പിന്നാലെയായിരുന്നു ദുരന്തം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും അടക്കം 20 പേരുണ്ടായിരുന്നു. ജോർജിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അപകടസൂചന ലഭിച്ചതിനെത്തുടർന്ന് അടിയന്തര സേവനസംഘങ്ങൾ സ്ഥലത്തെത്തിയതായും ജോർജിയൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു.
യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച സി–130 ഹെർക്കുലീസ് മോഡലാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി തുർക്കി പ്രസിഡന്റ് ഇൽഹാം അലിയേവ് അനുശോചനം അറിയിച്ചു.






