മലപ്പുറം: പുത്തനത്താണിയിൽ ലാപ്ടോപ്പും സ്കാനറും മോഷ്ടിച്ച രണ്ടുപേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അമ്പലപ്പാറ സ്വദേശി ഷനൂപ്, കാരത്തൂർ കൊടക്കൽ സ്വദേശി ഉമ്മർ ഫാരിസ് എന്നിവരാണ് പിടിയിലായത്.
കോട്ടക്കൽ സ്വദേശിയായ പരാതിക്കാരൻ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ആ സമയത്ത് ബൈക്കില്‍ വെച്ചിരുന്ന സ്കാനറും ലാപ്ടോപ്പുമെടുത്ത് മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു.
ഉടൻ തന്നെ പരാതിക്കാരൻ പൊലീസിൽ വിവരം അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരൂരിൽ നിന്ന് പിടികൂടി. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ കെ. സലിം, എസ്.ഐ വൈശാഖ് കെ. വിശ്വൻ, എ.എസ്.ഐ വിശ്വൻ എസ്., സി.പി.ഒ ജംഷാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




