പാലക്കാട്: വടക്കഞ്ചേരി വധശ്രമക്കേസ് പ്രതി വിലങ്ങുമായി കടന്നുകളഞ്ഞ സംഭവത്തിൽ ഇയാളെ സഹായിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി പ്രധാനി കുന്നത്ത് വീട്ടിൽ എസ്.സഫർ (36), വടക്കഞ്ചേരി നായർകുന്ന് ആമിന മൻസിലിൽ അനസ് (26) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. മണ്ണുത്തിയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വടക്കഞ്ചേരി മഞ്ഞപ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുലാണ് (28) മണ്ണുത്തി പൊലീസിന്റെ പക്കൽ നിന്നു കടന്നുകളഞ്ഞത്.
വടക്കഞ്ചേരിയിലെ ബാറിന് സമീപത്ത് പ്രതിയുണ്ടെന്ന വിവരത്തെ തുടർന്ന് മണ്ണുത്തി പൊലീസ് എത്തി പ്രതിയെ പിടികൂടി വിലങ്ങ് ഇടുന്നതിനിടെ ഇയാൾ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ചു. ബഹളത്തിനിടയിൽ ബൈക്കിലെത്തിയ സഫർ എന്നായളോടൊപ്പം ഇയാൾ സംഭവസ്ഥലത്തുനിന്നു കടന്നു. കണ്ണമ്പ്രയിൽ ഇറങ്ങിയ പ്രതിയെ അനസാണ് ഇരട്ടക്കുളത്ത് എത്തിച്ചത്. അവിടെ നിന്ന് ജിബി എന്നയാളുമായി പ്രതി കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ല. ഇരട്ടക്കുളത്തു നിന്ന് പ്രതി ആക്സോ ബ്ലേഡ് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സഫർ ക്രിമിനൽ കേസ് ഉൾപ്പെടെ പത്തോളം കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.






