തൃശ്ശൂർ: കാഞ്ഞാണിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രണവും അഭിമന്യുവും മരണത്തിന് കീഴടങ്ങി. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





