ന്യൂഡൽഹി: സൗത്ത് ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സൈദുലജാബിലെ വെസ്റ്റേൺ മാർഗിലുള്ള കെട്ടിടം പൂർണമായും തകർന്നു വീണത്. കോച്ചിങ് സെന്റർ, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമാണ പ്രവർത്തനങ്ങളും നടന്നുവരികയായിരുന്നു.
അപകടത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ഡൽഹി ഫയർ സർവീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വലിയ യന്ത്രങ്ങൾ, ഹൈഡ്രോളിക് കട്ടറുകൾ, പ്രത്യേക ക്യാമറകൾ, പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവയുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്.
അപകടത്തെ തുടർന്ന് ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയും എൻഡിആർഎഫ് സംഘവുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. കെട്ടിടത്തിന് പഴക്കമുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് ഉടമയ്ക്ക് നേരത്തെ പരാതി നൽകിയിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.





