നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം മുന്നണികളിലും പാർട്ടികളിലും ഇപ്പോൾതന്നെ പ്രകടമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ആദ്യം വരുന്നതെങ്കിലും നിയമസഭ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ തന്നെയാണ് പാർട്ടികൾ നടത്തുന്നത്. ഓരോ മുന്നണികൾക്കും അതിൽ ഉൾപ്പെട്ട രാഷ്ട്രീയപാർട്ടികൾക്കും വരുന്ന തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകമാണ്. ഓരോ ജില്ലയിലും പരമാവധി സീറ്റുകൾ നേടിയെങ്കിൽ മാത്രമേ അധികാരത്തിലേക്ക് എത്തുവാൻ കഴിയുള്ളൂവെന്ന് നേതൃത്വങ്ങൾ മനസ്സിലാക്കുന്നു. കണ്ണൂർ ജില്ലയിൽ ആകെയുള്ള 11 സീറ്റുകളിൽ രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചു നിൽക്കുന്നത്. ബാക്കിയുള്ള 9 ഇടങ്ങളിലും എൽഡിഎഫ് എംഎൽഎമാരാണ് ഉള്ളത്. അക്ഷരാർത്ഥത്തിൽ സിപിഎമ്മിന്റെ കോട്ടകളിൽ ഒന്നാണ് കണ്ണൂർ. രാജ്യത്തുതന്നെ സിപിഎമ്മിന് ഏറ്റവും അധികം സംഘടനാ ശക്തിയുള്ള ജില്ല കണ്ണൂരാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ എല്ലാം കണ്ണൂരുകാരാണ്.
കണ്ണൂർ രാഷ്ട്രീയം എന്നാൽ സിപിഎമ്മിന്റെ രാഷ്ട്രീയമെന്ന് എല്ലാ കാലഘട്ടങ്ങളിലും പൊതുവേ പറയപ്പെടാറുണ്ട്. വരുന്ന തെരഞ്ഞെടുപ്പിലും കണ്ണൂരിനെ ചുവപ്പ് കോട്ടയായി തന്നെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സിപിഎം ഏകോപിപ്പിക്കുന്നത്. അതേസമയം ചുവന്ന കോട്ടകളിൽ പരമാവധി പ്രവർത്തിച്ച വിജയം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഇടപെടലുകളാണ് കോൺഗ്രസും യുഡിഎഫും നടത്തുന്നത്. യുഡിഎഫിന്റെ കൈവശമുള്ള രണ്ടു മണ്ഡലങ്ങൾ പേരാവൂരും ഇരിക്കൂറുമാണ്. പേരാവൂരിൽ അഡ്വ. സണ്ണി ജോസഫ് ആണ് നിലവിൽ എംഎൽഎ. ഇരിക്കൂറിൽ സജീവ് ജോസഫ് ആണ് എംഎൽഎ. ഇരുവരും കോൺഗ്രസിന്റെ പ്രതിനിധികളാണ്. മലയോരപ്രദേശങ്ങൾ രണ്ടു മണ്ഡലങ്ങളുടെയും ജനകീയ വികാരം യുഡിഎഫിനൊപ്പം തന്നെയാണ്. അടുത്ത തെരഞ്ഞെടുപ്പിലും ഇരിക്കൂറും പേരാവൂറും യുഡിഎഫിന് ഒപ്പം തന്നെ ഉറച്ചു നിൽക്കുവാനാണ് സാധ്യത. മണ്ഡലത്തിൽ സ്ഥാനാർത്ഥികളിൽ മാറ്റവും ഉണ്ടാകുവാൻ വഴിയില്ല. കോൺഗ്രസിന് വേണ്ടി സണ്ണി ജോസഫും സജീവ് ജോസഫും തന്നെ വീണ്ടും മത്സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.
അടുത്തതായി മട്ടന്നൂർ മണ്ഡലത്തിലേക്ക് വന്നാൽ കെ കെ ശൈലജ അടുത്ത തവണ മത്സരത്തിന് ഉണ്ടാവാൻ സാധ്യതയില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറ്റവും മികച്ച മന്ത്രിയായിരുന്നിട്ടും രണ്ടാം പിണറായി സർക്കാരിൽ ഇടം ലഭിക്കാത്ത ഒരാൾ കൂടിയായിരുന്നു ശൈലജ ടീച്ചർ . കോവിഡ് എന്ന മഹാമാരിക്കെതിരായ ശൈലജ ടീച്ചറുടെ പോരാട്ടം വിജയം കണ്ടെങ്കിലും തൊട്ടടുത്ത പിണറായി വിജയൻ സർക്കാരിൽ ശൈലജ ടീച്ചർ മന്ത്രിയായില്ലെന്നത് ശ്രദ്ധേയമായിരുന്നു. രണ്ടുതവണയിൽ കൂടുതൽ മത്സരരംഗത്ത് വന്നു എന്നതാണ് ശൈലജ ടീച്ചറെ അടുത്ത തവണ മാറ്റി നിർത്തുവാൻ കാരണം.കേരള നിയമസഭയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ ആയിരുന്നു ശൈലജ ടീച്ചർ കഴിഞ്ഞതവണ നിയമസഭയിലേക്ക് എത്തിയത്. ആ ഭൂരിപക്ഷം തന്നെ അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിരുന്നു. പൊതുജനങ്ങൾ അവരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചപ്പോൾ പാർട്ടി വേണ്ട പരിഗണന ശൈലജയ്ക്ക് നൽകിയതേയില്ല. മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും നിലവിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ അനുശ്രീ ശൈലജയ്ക്ക് പകരം മട്ടന്നൂരിൽ മത്സരിച്ചേക്കും. സ്വാഭാവികമായും ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുന്ന മണ്ഡലം അനുശ്രീ എന്ന ചെറുപ്പക്കാരിയായ നേതാവിന്റെ സാന്നിധ്യം കൊണ്ട് കൂടി സിപിഎമ്മിന് തന്നെ അനായാസം ലഭിക്കാവുന്നതേയുള്ളൂ.






