കോട്ടയം: രണ്ടായിരത്തിപത്തിനെ അനുസ്മരിക്കുന്ന രീതിയിൽ ജില്ലയിൽ നടന്ന ത്രിതല പഞ്ചായത്തിലെ എല്ലാത്തലങ്ങളിലും യുഡിഎഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. ആകെയുള്ള ഇരുപതിമൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പതിനാറു എണ്ണം നേടി യുഡിഎഫ് ഭരണത്തിനുള്ള കേവല ഭൂരിപക്ഷം ഉറപ്പാക്കി. ഏഴിടത്ത് എൽഡിഎഫ് വിജയം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.
മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ അക്കൗണ്ടിൽ ഷോൺ ജോർജ് വിജയിച്ചിരുന്നു. പിന്നീട് ജനപക്ഷം ബിജെപിയിൽ ലയിച്ചതോടെ ഷോണിന്റെ അംഗത്വം ബിജെപി അക്കൗണ്ടിലായിരുന്നു. നാലിടത്ത് കേരള കോൺഗ്രസ് വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ്-5, കേരള കോൺഗ്രസ്-2 എന്ന അവസ്ഥയിൽ നിന്നാണ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന കുമരകത്ത് കോൺഗ്രസിലെ പി.കെ വൈശാഖ് തിളക്കമാർന്ന വിജയം നേടി. സിപിഎമ്മിന്റെ കുത്തക ഡിവിഷനായിരുന്നു ഇത്. സമീപ രണ്ട് ബ്ലോക്കുകളിലും ഈ വിജയത്തിന്റെ അനുരണനം ഉണ്ടായി. തിരുവാർപ്പും അയ്മനവും ഇത്തവണ യുഡിഎഫ് നേടി.



