കേരളം ആരുപിടിക്കും എന്നതിൽ അതിനിർണായകമായ ചർച്ചകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുരോഗമിക്കുന്നത്. പരസ്പരം മത്സരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് യുഡിഎഫും എൽഡിഎഫും ബിജെപിയും നടത്തുന്നത്. ഓരോ ജില്ലയിലും വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ വിജയിക്കേണ്ടത് മുന്നണികളുടെ ആവശ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ജില്ലകളിൽ ഒന്നാണ് ആലപ്പുഴ ജില്ല.
അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ജില്ല. നിലവിൽ ആകെയുള്ള ഒൻപത് മണ്ഡലങ്ങളിൽ എട്ടിടങ്ങളിലും എൽഡിഎഫ് തന്നെയാണ് വിജയിച്ചു നിൽക്കുന്നത്. രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഓരോ മണ്ഡലങ്ങളും വിശദമായി പരിശോധിച്ചാൽ കഴിഞ്ഞ തവണത്തെ സാധ്യതകളല്ല വരുന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. നിലവിലെ എംഎൽഎ സിപിഎമ്മിലെ ദലീമ ജോജോ ആണ്.
ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. തുടർച്ചയായ അഞ്ചുതവണ കെ ആർ ഗൗരിയമ്മയെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് അരൂർ. 2006ൽ കെ ആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി എഎം ആരിഫാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചു വന്നത്. പിന്നീട് 2016 വരെ തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ ആരിഫ് തന്നെ വിജയിച്ചുവന്നു. തുടർന്ന് അദ്ദേഹം ആലപ്പുഴയിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിക്കുകയായിരുന്നു. പക്ഷേ തൊട്ടടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെടുകയായിരുന്നു.






