കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തിലൂടെ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. നഗരസഭയിൽ നൂറ് ശതമാനം ജയം കൂടി നേടിയതോടെ കോട്ടയത്തെ ഗ്രാഫ് സംസ്ഥാന തലത്തിൽത്തന്നെ യുഡിഎഫ് ഉയർത്തി. ആറു നഗരസഭകളിൽ ആറിലും ഭരണം പിടിക്കാൻ യുഡിഎഫിനായി.
കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ അഞ്ചു നഗരസഭകളിൽ അധികാരത്തിൽ എത്താനായെങ്കിലും പിന്നീട് ഒരെണ്ണം കൈവിട്ടു. കോട്ടയം നഗരസഭയിൽ അടക്കം ഭൂരിപക്ഷം സാങ്കേതികമായി തുടർന്നിരുന്നു. എന്നാൽ ഇക്കുറി കോട്ടയം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകളിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്. ചങ്ങനാശേരിയിൽ സ്വതന്ത്ര പിന്തുണയോടെ അധികാരത്തിലെത്തി. വൈക്കത്ത് ഏറ്റവും വലിയ മുന്നണിയായി. പാലായിൽ ധാരണകളുടെ അടിസ്ഥാനത്തിൽ ഭരണം ലഭിച്ചതോടെ നൂറ് ശതമാനം കടന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം വ്യക്തമായ ഭൂരിപക്ഷത്തിൽ നേടിയതിനൊപ്പം പതിനൊന്നിൽ ഒമ്പതു ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണ്. 81 ശതമാനം വിജയം. 71 ഗ്രാമപ്പഞ്ചായത്തുകളിൽ 39 എണ്ണത്തിൽ ഭരണം യുഡിഎഫ് ഉറപ്പിച്ചു. അമ്പതിയഞ്ചു ശതമാനം വിജയം.



