ഈ വർഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപ് നിലമ്പൂരിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതകളുണ്ട്. മുന്നണികളും രാഷ്ട്രീയപാർട്ടികളും എല്ലാം നിലമ്പൂരിലെ പോരാട്ടത്തിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു. അതി വാശിയേറിയ പോരാട്ടത്തിനാകും നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂർ എംഎൽഎ സ്ഥാനം പി വി അൻവർ രാജിവെച്ചതോടെയാണ് മറ്റൊരു നിയമസഭ ഉപതെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുന്നത്. പാലക്കാട്,ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ട് അധികം നാളുകൾ ആകുന്നില്ല. വീണ്ടുമൊരു ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെയാണ്. അത് രാഷ്ട്രിയ പാർട്ടികൾക്ക് ആണെങ്കിലും പൊതുഖജനാവിനാണെങ്കിലും.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാമെന്ന ഉറച്ച പ്രതീക്ഷ നിലവിൽ യുഡിഎഫിനുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെയും നിലവിലെ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെയും പേരുകളാണ് നിലവിൽ പ്രധാനമായി ഉയർന്നു കേൾക്കുന്നത്. ഇരുവർക്കും ഇടയിൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുത്താൽ പോംവഴിയായി പി വി അൻവർ തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുവാനുള്ള സാധ്യതകളുമുണ്ട്. വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യുഡിഎഫ് മുന്നണി സംവിധാനത്തിലും പാളിച്ചകൾ ഏറെയാണ്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള നിലമ്പൂരിൽ മുസ്ലിം ലീഗിന് പാർട്ടി കരുത്ത് തെളിയിക്കാൻ ഉപതെരഞ്ഞെടുപ്പ് വഴിയൊരുക്കും എന്ന കാര്യത്തിൽ തർക്കമില്ല. പ്രദേശത്ത് ലീഗും കോൺഗ്രസ്സും കാലാകാലങ്ങളായി അത്ര നല്ല ബന്ധത്തിൽ ഒന്നുമല്ല.
ലീഗിന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചു വേണം കോൺഗ്രസിന് സ്ഥാനാർത്ഥിയെ തീരുമാനിക്കുവാൻ. ലീഗ് സമസ്തയുമായുള്ള പ്രശ്നങ്ങൾ ഒരു വലിയ പരിധിവരെ പരിഹരിച്ചു എങ്കിലും ഉള്ളിലെ നീറ്റൽ പൂർണമായും അണഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഈ ഘട്ടത്തിൽ അതെല്ലാം നിലമ്പൂരിലും പ്രകടമായേക്കും. ഈ വർഷാവസാനത്തെ തദ്ദേശ തിരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. ഈ വെല്ലുവിളികൾക്കെല്ലാം ഇടയിലാണ് നിലമ്പൂർ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്നത്. സിപിഎം നേതൃത്വം പാർട്ടി സമ്മേളനത്തിൻ്റെ ശ്രദ്ധയിലാണ്. കോൺഗ്രസിലാകട്ടെ മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയിൽ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരം രൂക്ഷമായിരിക്കുകയാണ്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മൂലം നീട്ടിവച്ച പുനഃസംഘടനയും കോൺഗ്രസിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളും സിറ്റിങ്ങ് സീറ്റുകൾ നിലനിർത്തിയിരുന്നു. പുതുപ്പള്ളിയും തൃക്കാക്കരയും പാലക്കാടും യുഡിഎഫും ചേലക്കര എൽഡിഎഫും.






