തൃശ്ശൂർ : തീർത്ഥാടന നഗരിയായ ഗുരുവായൂരിന്റെ മതേതര പാരമ്പര്യത്തെ തകർക്കുന്ന തരത്തിലാണ് യുഡിഎഫിന്റെ വർഗീയ കക്ഷികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്നാണ് എൽഡിഎഫ് വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയത്. ജമാഅത്ത് ഇസ്ലാമിനെയും ഉൾപ്പെടുത്തി “കൊലമ്പിജെ” സഖ്യമൊരുക്കിയിരിക്കുകയാണെന്നും എൽഡിഎഫ് ആരോപിച്ചു.
വർഗീയ ശക്തികളുടെ പിന്തുണയില്ലാത്തതിനാണ് യുഡിഎഫിന് ഭരണം നഷ്ടമായതെന്ന് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വി.എം. സുധീരൻ പറഞ്ഞത്. കോൺഗ്രസിന്റെ അവിശുദ്ധ ബന്ധത്തിന്റെ തുറന്ന സമ്മതമായാണ് എൽഡിഎഫ് വിലയിരുത്തിയത്. കേരളത്തിന്റെ മതേതര മുഖം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഉണ്ടെന്ന് നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, ജനറൽ കൺവീനർ സി. സുമേഷ്, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, സിപിഎം മണ്ഡലം സെക്രട്ടറി സി.വി. ശ്രീനിവാസൻ, പി.എസ്. ജയൻ, ആർജെഡി നേതാവ് പി.ഐ. സൈമൺ, കെ.ആർ. സൂരജ്, എൻ.പി. നാസർ, ആർ.വി. ഇക്ബാൽ, ആർ.എച്ച്. അബ്ദുൽ സലീം, ജെഡിഎസ് ജില്ലാ സെക്രട്ടറി എം. മോഹൻദാസ്, കെ. ബാലകൃഷ്ണൻ, അനൂപ് പെരുമ്പിലാവ്, ജി.കെ. പ്രകാശ് സ്വാമി, എം. അശ്വിൻ എന്നിവർ പങ്കെടുത്തു.



