കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഗുരുതരമായ പിഴവുകൾ ആരോപിച്ച് പരാതി ഉയർന്നതോടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു. സതീശനെതിരെ പരാതിക്കാരനായ അയ്യൂബ് ഖാൻ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പരിശോധിച്ച വരണാധികാരി, ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരുവിഭാഗത്തെയും നേരിട്ട് കേൾക്കാൻ തീരുമാനിച്ചു. പരാതിയിലെ വസ്തുതകളും സതീശന്റെ വിശദീകരണവും കേട്ട ശേഷം വൈകുന്നേരം നാല് മണിക്ക് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വരണാധികാരി പ്രഖ്യാപിക്കും.
പത്രികയിൽ സമർപ്പിച്ചിട്ടുള്ള സ്വത്തുവിവരങ്ങളിലും സാമ്പത്തിക ഇടപാടുകളിലും വലിയ തോതിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. സതീശന്റെ ഭാര്യയുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ നിലവിലെ വിപണി മൂല്യംഅനുസരിച്ചുള്ള കണക്കുകൾ പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, തന്റെ ശമ്പളവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, മുൻപ് ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്ന സമയത്തുണ്ടായ ട്രാഫിക് പിഴ തുക ഇതുവരെയും അടച്ചുതീർത്തിട്ടില്ലെന്ന ഗുരുതരമായ ആരോപണവും അയ്യൂബ് ഖാൻ ഉന്നയിച്ചിട്ടുണ്ട്.
സാങ്കേതികമായ ഇത്തരം പിഴവുകൾ ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ പ്രതിപക്ഷ നേതാവിന്റെ പത്രിക തർക്കത്തിലായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വരണാധികാരിയുടെ തീരുമാനം പുറത്തുവരുന്ന നാല് മണിവരെ രാഷ്ട്രീയ കേരളം വലിയ ആകാംക്ഷയിലാണ്.






