കോഴിക്കോട്: മൈസൂരിലെ വിവിധ കോളേജുകളിൽ ഉന്നത പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ അതീവ ദുരിതമനുഭവിക്കുന്നതായി പരാതി. നഴ്സിങ് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസിയുടെ ഹോസ്റ്റലുകളിൽ നിന്ന് വൃത്തിഹീനമായ ഭക്ഷണം ലഭിക്കുന്നത്.
ഭക്ഷണത്തിൽ നിന്ന് പാറ്റയും മുടിയും കണ്ടെത്തിയെന്നും ദിവസങ്ങളോളം പഴക്കമുള്ളതും പൂപ്പൽ അരിച്ചതുമായ ആഹാരമാണ് തങ്ങൾക്ക് നൽകുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കാവേരി, സിഗ്മ, വിദ്യാവികാസ് തുടങ്ങിയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് നിലവിൽ ഈ ദുരവസ്ഥ നേരിടുന്നത്.
മികച്ച താമസസൗകര്യവും കേരളീയ ഭക്ഷണവും വാഗ്ദാനം ചെയ്താണ് ഏജൻസി വിദ്യാർത്ഥികളെ ഇവിടെ താമസിപ്പിക്കുന്നത്. എന്നാൽ ഈ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ ഏജൻസി അധികൃതർ കായികമായി ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും പരാതിയുണ്ട്.
പെൺകുട്ടികളോട് പോലും ഇവർ മോശമായാണ് പെരുമാറുന്നത്. കോളേജ് അധികൃതർ ഏജൻസിക്കൊപ്പം നിൽക്കുന്നതിനാൽ പരാതി നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. തങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിക്കാൻ വിദ്യാർത്ഥികൾ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.




