പാട്ടുപാടിയും നൃത്തം ചെയ്തും മലയാള മനസുകൾ കീഴടക്കിയ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ അഥവാ നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ. ഭാഷയ്ക്കും ദേശത്തിനും അതിർവരമ്പുകളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതായിരുന്നു കിലി പോളിന്റെ ഒരോ സോഷ്യൽ മീഡിയാ പോസ്റ്റുകളും. മലയാള ഗാനങ്ങളും, സംഭാഷണ ശകലങ്ങളുമുൾപ്പെടെ ഇന്ത്യൻ ഭാഷകളിലാണ് താരം കൂടുതലായും വീഡിയോകൾ ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ ഓരോ വീഡിയോക്ക് താഴെ എത്തുന്ന കമ്മന്റുകളിൽ കൂടുതലും ഉണ്ണിയേട്ടൻ കേരളത്തിലേക്ക് വരണം എന്നാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കേരളത്തെയും മലയാളികളെയും കാണാൻ ഉണ്ണിയേട്ടൻ എത്തുകയാണ്.
കിലി ഇന്ന് കേരളത്തിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. കേരളക്കരയിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണിയേട്ടനെ സ്വാഗതം ചെയ്തു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തുന്നത്. ‘മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതം’, എന്നാണ് പലരും കമന്റ് ബോക്സ് കുറിക്കുന്നത്. അതേസമയം, കിലി മലയാള സിനിമയിൽ അഭിനയിക്കാനാണ് വരുന്നതെന്ന തരത്തിലും അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്.
നിലവിൽ ഇൻസ്റ്റാഗ്രാമിൽ 10.6 മില്യണൽ ഫോളോവേഴ്സുള്ള ആളാണ് കിലി പോൾ. യുട്യൂബിൽ 6.54 മില്യൺ സബ്സ്ക്രൈബേഴ്സും ഉണ്ട്. കിലിയ്ക്ക് ഒപ്പം അദ്ദേഹത്തിന്റെ സഹോദരി നീമ പോളും വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.






