ഉത്തർപ്രദേശ്: യു.പി യിൽ ഓടുന്ന കാറിനുള്ളൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ. ബലാത്സംഗം എതിർത്ത പെൺകുട്ടിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്, ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം.
ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ പ്രതികള്‍ ഗ്രേറ്റര്‍ നോയിഡയില്‍ എത്തിച്ചത്. തുടർന്ന് കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പതിനേഴും പത്തൊൻപതും വയസുള്ള പെൺകുട്ടികളെയാണ് കബളിപ്പിച്ചത്. കാറിനുള്ളിൽ വെച്ച് പെണ്‍കുട്ടികളുമായി പ്രതികള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പത്തൊന്‍പതുകാരിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നു. റോഡിലേക്കുളള വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ പത്തൊന്‍പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം കാറിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അലിഗഡ്-ബുലന്ദ്ഷഹര്‍ ഹൈവേയ്ക്ക് സമീപം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ കാലില്‍ വെടിയുതിര്‍ത്താണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പ്രതികളുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.






