വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ തകർന്നു വീണ് എട്ട് പേർ മരിച്ചു. എഡ്വേഡ്‌സ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ച് തകരുകയായിരുന്നു.
പതിവ് പരിശോധനാ ദൗത്യത്തിനിടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്നത് യുഎസ് സൈനിക ഉദ്യോഗസ്ഥരും ബോയിങ് കമ്പനി ജീവനക്കാരുമാണ്. ബോയിങ് കമ്പനി രണ്ട് ജീവനക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വരെ എടുക്കാമെന്ന് യുഎസ് അധികൃതർ അറിയിച്ചു.
1955 മുതൽ യുഎസ് സേന ഉപയോഗിക്കുന്ന ബി-52 ബോംബർ വിമാനങ്ങൾ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളവയാണ്. വിവിധ സൈനിക ഇടപെടലുകളിൽ ഇവ ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനം പുതിയ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നോയെന്ന് പരിശോധിച്ചു വരികയാണ്.






