ന്യൂഡല്‍ഹി: സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തില്‍ പെട്ട ഫെന്റാനൈല്‍ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യന്‍ വ്യവസായികളുടെയും കോര്‍പ്പറേറ്റ് തലവന്‍മാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളില്‍ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായക തീരുമാനമെന്ന്് ഡല്‍ഹിയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാരക കെമിക്കല്‍ മയക്കുമരുന്നുകളുടെ ഉപയോഗം കുറക്കുക എന്നത് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ യു.എസിലേക്ക് പ്രവേശനം നിഷേധിക്കും. എന്നാല്‍ ആരുടെയെല്ലാം വിസയാണ് റദ്ദാക്കിയതെന്ന പേര് വിവരങ്ങള്‍ അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല
മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അനധികൃതമായി മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും യു.എസിലേക്ക് പ്രവേശനം നിഷേധിക്കുന്നതുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ്. എംബസി വ്യക്തമാക്കി.






