ന്യൂയോർക്ക്: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ ഒൻപതാം ദിവസവും തുടരുകയാണ്. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധനാനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ജീവനക്കാരുടെ ഭാവിയെക്കുറിച്ച് വൈറ്റ് ഹൗസ് ആശങ്കയിലായിരിക്കുകയാണ്.
ധനസഹായം ലഭിക്കാതെ വന്നതോടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ തന്നെ നിലച്ചിരിക്കുകയാണ്. ഏകദേശം 7.5 ലക്ഷം സർക്കാർ ജീവനക്കാരെ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ 20,000-ത്തിലധികം നിയമപാലകർക്ക് കൂലി ലഭിക്കില്ല. അത്യാവശ്യ സേവനങ്ങളിലില്ലാത്ത ജീവനക്കാരെ വീട്ടിൽ തുടരാൻ നിർബന്ധിതരാക്കും.
ഇമിഗ്രേഷൻ, അതിർത്തി സംരക്ഷണം, മെഡിക്കൽ കെയർ സ്റ്റാഫ് തുടങ്ങി നിരവധി മേഖലകളിൽ കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കേണ്ടി വരും. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണം വിമാനത്താവളങ്ങൾ അടച്ചിടാൻ സാധ്യതയുണ്ട്. പാസ്‌പോർട്ട് സേവനങ്ങളിലും വൻ വൈകല്യം പ്രതീക്ഷിക്കാം. യാത്രക്കാരും സാധാരണ ജനങ്ങളും കനത്ത ബുദ്ധിമുട്ടുകൾ നേരിടും.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പോഷകാഹാര പദ്ധതികൾ, മെഡികെയർ, മെഡിക്കെയ്ഡ് തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളിലും പ്രതിസന്ധി ഉണ്ടാകും . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പോലുള്ള പ്രമുഖ ആരോഗ്യ ഏജൻസികളിൽ നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്നാണ് സൂചന. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ദേശീയ വെള്ളപ്പൊക്ക ഇൻഷുറൻസ് പദ്ധതികൾക്കും ഫണ്ട് തീരാൻ സാധ്യതയുണ്ട്.
മ്യൂസിയങ്ങളും നാഷണൽ പാർക്കുകളും ജീവനക്കാരില്ലാതെ അടച്ചിടപ്പെടും. ദേശീയ മൃഗശാലകളിലെ മൃഗങ്ങൾക്ക് ഭക്ഷണവും പരിചരണവും ലഭിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഈ ഷട്ട് ഡൗൺ സാധാരണ ജനങ്ങളുടെ ജീവിതത്തെയും രാജ്യത്തെ അടിസ്ഥാന സേവനങ്ങളെയും മാത്രമല്ല, വന്യജീവിതത്തെയും ബാധിക്കുമെന്നത് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






