വാഷിങ്ടണ്‍ : യുഎസ് നാവികസേനയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് കാലിഫോര്‍ണിയയില്‍ തകര്‍ന്നുവീണു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തില്‍ നിന്ന് ഏകദേശം 64 കിലോമീറ്റര്‍ അകലെ ലെമൂറിന് സമീപം നേവല്‍ എയര്‍ സ്റ്റേഷനടുത്താണ് ലോകത്തിലെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ വിമാനമായി കണക്കാക്കപ്പെടുന്ന എഫ്-35 തകര്‍ന്ന് വീണത്. പൈലറ്റ് അപകടത്തില്‍ നിന്ന് വിജയകരമായി രക്ഷപ്പെട്ടതായും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും യുഎസ് നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അപകടസമയത്ത് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും മറ്റ് അപായങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം ഏകദേശം വൈകുന്നേരം 4.30 ഓടെയാണ് അപകടം സംഭവിച്ചത്. തകര്‍ന്ന് വീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചിരുന്നു. തകര്‍ന്നുവീണ എഫ്-35 യുദ്ധവിമാനം ‘റഫ് റൈഡേഴ്സ്’ എന്നറിയപ്പെടുന്ന സ്‌ട്രൈക്ക് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ വിഎഫ്-125 ന്റേതാണെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.



