ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഹര്‍സില്‍ ക്യാമ്പ് ഭാഗത്താണ് തിരച്ചില്‍ തുടരുന്നത്. മണ്ണിനടിയില്‍ മൃതദേഹങ്ങളുണ്ടോ എന്നറിയാനായി സംശയമുള്ള ഇടങ്ങളിലെല്ലാം റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പരിശോധന.
ആര്‍മി ക്യാമ്പ് പ്രദേശമാകെ മിന്നല്‍ പ്രളയത്തില്‍ നാമാവശേഷമായിരിക്കുകയാണ്. വലിയ കല്ലുകളും മണ്ണും കൊണ്ട് മൂടിയ പ്രദേശത്ത് തിരച്ചില്‍ അതീവദുഷ്കരവുമാണ്. സൈനികര്‍ താമസിച്ച കെട്ടിടങ്ങള്‍ അടക്കം മിന്നല്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. തിരച്ചിലിന് ഡോഗ് സ്ക്വാഡും രംഗത്തുണ്ട്. സംശയമുള്ള സ്ഥലങ്ങളിലെ മണ്ണ് കുഴിച്ചുമാറ്റിയാണ് പരിശോധന നടക്കുന്നത്
ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയില്‍ മേഘവിസ്ഫോടനമുണ്ടായത്. ഹര്‍സില്‍ സൈനിക ക്യാംപില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. കാണാതായവരുടെ എണ്ണത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. നൂറ് പേരെയെങ്കിലും കുറഞ്ഞത് കാണാതായിട്ടുണ്ട് എന്നാണ് സൈന്യം പറയുന്നത്.






