കോഴിക്കോട്: നട്ടെല്ലിന് ക്ഷതം സംഭവിച്ച വ്യക്തികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച ‘ഉയരെ’ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പെഹലി ഷാ കള്ളിയത്ത് നിര്‍വഹിച്ചു. പാരാപ്ലീജിയ മേഖലയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ‘ഉയരെ’ പദ്ധതി മാതൃകാപരമാണെന്നും, ഇത്തരം പദ്ധതികള്‍ സമൂഹം ഏറ്റെടുക്കണമെന്നും പെഹലി ഷാ കള്ളിയത്ത് അഭിപ്രായപ്പെട്ടു.
ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം പ്രമുഖ വ്യവസായി സുലൈമാന്‍ കാരാടന്‍ നിര്‍വഹിച്ചു. സകാത്ത് ദായകരെ കണ്ടെത്തി അര്‍ഹതപ്പെട്ടവര്‍ക്ക് വിവിധ സഹായങ്ങള്‍ എത്തിക്കുന്ന ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എം. അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു.
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് നാസര്‍ സി.സി.ഒ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ, എസ്.ഐ.ഒ. സംസ്ഥാന കമ്മിറ്റി അംഗം ശഫാഖ് കക്കോടി എന്നിവര്‍ സംസാരിച്ചു. ബൈത്തുസ്സകാത്തിന്റെ സഹകരണത്തോടെയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.




