കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചു. തനിക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു മുന്നണിയുടെയും ഭാഗമായല്ല മത്സരിക്കുകയെന്നും പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം എടുത്തതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആരംഭിച്ച പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനനെ സ്ഥാനാർഥിയാക്കില്ലെന്നായിരുന്നു കരുതിയതെങ്കിലും നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും മാറ്റം വരുത്താത്ത സാഹചര്യത്തിലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മത്സരം അഴിമതിക്കെതിരായ പോരാട്ടമാണെന്നും ഇടതുപക്ഷത്തിനെതിരായല്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർഥിയെ താൻ യഥാർത്ഥ ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന് ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം നേരിടുന്ന ഒരാളെ എങ്ങനെ ഇടതുപക്ഷക്കാരനായി കാണാനാകുമെന്നുമാണ് കുഞ്ഞികൃഷ്ണന്റെ ചോദ്യം.






