തൃശ്ശൂർ: നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രംയിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ–സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.
ആത്മീയതയും കലയും സമന്വയിക്കുന്ന പരിപാടികൾ ക്ഷേത്രോത്സവങ്ങൾക്ക് പുതിയ ഉണർവ് നൽകുന്നതായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരുവില്വാമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ കെ. എൻ. ദീപേഷ് സ്വാഗതം അർപ്പിച്ചു. മുൻ ദേവസ്വം ഓഫീസറും റവന്യൂ ഇൻസ്പെക്ടറുമായ പി.ബി. ബിജു, റവന്യൂ ഇൻസ്പെക്ടർ എ. രജനി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഡ്വ. ബിനു ചന്ദ്രൻ, സെക്രട്ടറി ബൈജു എന്നിവർ ആശംസകൾ നേർന്നു. ദേവസ്വം ഓഫീസർ ശ്രീരാജ് നന്ദി പറഞ്ഞു.ഉദ്ഘാടന ചടങ്ങിന് പിന്നാലെ പ്രശസ്ത പിന്നണി ഗായകൻ അനൂപ് ശങ്കർ നയിച്ച ഭക്തിഗാന മേള അരങ്ങേറി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന സംഗീത പരിപാടി ഭക്തജനങ്ങൾക്ക് ആത്മീയാനുഭവമായി. വൈകുണ്ഠ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി ഇനിയും വിവിധ ആരാധനക്രമങ്ങളും കലാപരിപാടികളും ക്ഷേത്രത്തിൽ നടക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.






