തൃശ്ശൂർ :ശാസ്താംപാട്ട് കലയിലും അയ്യപ്പൻവിളക്ക് ആഘോഷങ്ങളിലും അറുപതിലേറെ വർഷങ്ങളായി സമർപ്പിത സേവനം അനുഷ്ഠിച്ച ജനപ്രിയ കലാകാരൻ വാസുണ്ണിയേട്ടന് ഫോക്‌ലോർ പുരസ്കാരം ലഭിച്ചു. സമ്പന്നമായ കലാജീവിതം വിലയിരുത്തിയാണ് ഈ അംഗീകാരം.
ഇളംപ്രായത്തിൽ തന്നെ അക്ഷരസ്ഫുടതയും താളലാവണ്യവും ചേർന്ന പാടലിലൂടെ പ്രശസ്തരായ അന്തരിച്ച കുട്ടംകുളങ്ങരെ നാരായണേട്ടനും വാസുണ്ണിയേട്ടനും അയ്യപ്പൻ വിളക്ക് പാട്ടിന്റെ സ്വർണകാലം സൃഷ്ടിച്ചവരായിരുന്നു. ഇവരുടെ പൊലിപ്പാട്ട് കേൾക്കുന്നവരിൽ പൊലിക്കാത്തവരും പൊലിക്കുമായിരുന്നു എന്ന് കലാരസികർ ഓർമിക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ അയ്യപ്പൻ വിളക്ക് സംഘങ്ങളിൽ പ്രധാനികളായി പ്രവർത്തിച്ച രണ്ടുപേരിലുംവാസുണ്ണിയേട്ടൻ ഇന്നും അതേ താളത്തിലേയും ആത്മീയനിഷ്ഠയോടെയും വിളക്ക് സംഘത്തെ മുന്നോട്ടു നയിച്ചു വരുന്നു. ഫോക്‌ലോർ പുരസ്കാരം കൂടുതൽ വലിയ അംഗീകാരങ്ങളിലേക്ക് വാസുണ്ണിയേട്ടനെ ഉയർത്തിക്കൊണ്ടുപോകുമെന്ന് കലാരംഗം പ്രതീക്ഷിക്കുന്നു.






