ന്യൂഡൽഹി: പൊതുമൂലധന ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിലും നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നിലും കൃത്യമായ ശ്രദ്ധ പതിപ്പിക്കുന്ന വികസനോന്മുഖമായ ബജറ്റാണിതെന്ന് വേദാന്ത ചെയര്മാന് അനില്‍ അഗര്‍വാള്‍.
യുവാക്കള്‍ക്ക് അവരുടെ ജീവിത മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരം നല്‍കുകയും വനിതകള്‍ക്ക് സാമ്പത്തികമായി സ്വതന്ത്രരാകാന്‍ വഴിയൊരുക്കുന്നതും മെഡിക്കല്‍ ടൂറിസം പോലെ തൊഴില്‍ സൃഷ്ടിക്കു വന്‍തോതില്‍ സഹായകമായ മേഖലകള്‍ക്ക് സാഹചര്യമൊരുക്കുന്നതുമായ ബജറ്റാണിത്.
നിര്‍ണായക ധാതുക്കളുടേയും അപൂര്‍വ മൂലകങ്ങളുടേയും കാര്യത്തില്‍ സര്‍ക്കാരിനുള്ള മികച്ച ശ്രദ്ധയെ താന്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഖനനം, സംസ്ക്കരണം, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഒഡിഷ, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കേരളം എന്നിവിടങ്ങളിലായുള്ള റെയര്‍ എര്‍ത്ത്സ് ഇടനാഴി വളര്‍ച്ചയെ ശക്തമാക്കുകയും തൊഴിലവസരങ്ങളും ധാതു സുരക്ഷയും വര്‍ധിപ്പിക്കുകയും ചെയ്യും. നിര്‍ണായക ധാതുക്കളുടെ സംസ്ക്കരണത്തിനായുള്ള മൂലധന വസ്തുക്കള്‍ക്ക് ഇറക്കുമതി തീരുവ ഇളവു നല്‍കുന്നത് നിലവിലെ ആഗോള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ സമയോചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്കി ആഭ്യന്തര വിപണിയില്‍ ചില വില്പനകള് നടത്താന്‍ അനുമതി നല്‍കുന്നത് വളരെ മികച്ചൊരു നീക്കമാണ്. അനിശ്ചിതത്വത്തിന്റേതായ കാലത്തും ഇന്ത്യന്‍ സമ്പദ്ഘടനയെ കൃത്യമായി മുന്നോട്ടു നയിക്കുന്നത് തുടരുന്ന പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.






