കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പ്രവാസികൾ മരിച്ചു. ഇന്ത്യ, സുഡാൻ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. അപകടങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഫോർ വീൽ ഡ്രൈവ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് സുഡാൻ സ്വദേശിയെന്ന് കരുതുന്ന ഒരാൾ മരിച്ചത്. ഇയാളുടെ വ്യക്തിവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രാസഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് ഇയാളെ വാഹനത്തിൽ കയറ്റിയതെന്ന് ഈജിപ്ത് സ്വദേശിയായ ഡ്രൈവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഫഹാഹീൽ എക്സ്പ്രസ് വേയിൽ വാഹനം തകരാറിലായതിനെ തുടർന്ന് പുറത്തിറങ്ങിയ എത്യോപ്യൻ സ്വദേശിയെ ശ്രീലങ്കൻ പൗരൻ ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഹമ്മദി ഗവർണറേറ്റിൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പങ്കാളികളായ അപകടത്തിലാണ് ഇന്ത്യൻ പ്രവാസി മരിച്ചത്. അണ്ടലുസ്–നഹ്ദ ജങ്ഷനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അൽ സബാഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീരദേശ റോഡിൽ കാൽനടയായി റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോർ സൈക്കിൾ ഇടിച്ച് ഈജിപ്ത് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ മോട്ടോർ സൈക്കിൾ യാത്രികനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
ഫർവാനിയയിലും റോഡ് മുറിച്ചുകടക്കുന്നതിനിടെ ഈജിപ്ത് സ്വദേശിയെ വാഹനം ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ അപകടങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ അന്വേഷണം തുടരുകയാണ്.


