പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാൻ കഴിയില്ലെന്നും കേസിൽ ലഭിച്ച പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ശിക്ഷിക്കുമെന്ന് ചിലർ പ്രതീക്ഷിച്ചിരിക്കുകയാണെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച പണം പോലും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മുഖ്യമന്ത്രിയെ അനുകൂലിച്ച് നടത്തിയ പരാമർശങ്ങളെ ചിലർ രാഷ്ട്രീയ നിലപാടിലെ മാറ്റമായി കാണുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരുന്ന വി.ഡി. സതീശനല്ല ഇപ്പോഴത്തെ സതീശനെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിന്റെ കാരണം വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. എസ്. ശശിധരൻ ഹൈക്കോടതിയിൽ ഹാജരായി. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. അന്വേഷണത്തിലെ അലംഭാവമാണോ, ഭയമാണോ അതോ മറ്റാരെങ്കിലും ഇടപെടുന്നുണ്ടോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുന്നുണ്ടെന്നും ചില കേസുകളിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമായതിനാൽ കാലതാമസം ഉണ്ടായതാണെന്നും എസ്.പി. വിശദീകരിച്ചു. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണ ചുമതലയും തനിക്കുണ്ടെന്നും ജോലിഭാരം കാരണമാണ് കാലതാമസമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മികച്ച പ്രവർത്തന പരിചയമുണ്ടെന്നും ദിവസവും നാല് മണിക്കൂർ മാത്രമാണ് ഉറങ്ങാൻ കഴിയുന്നതെന്നും സർക്കാർ അഭിഭാഷകനും കോടതിയെ ധരിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ എട്ട് കേസുകളിൽ കുറ്റപത്രം സമർപ്പിക്കണമെന്നത് പ്രായോഗികമല്ലെന്നും സർക്കാർ വാദിച്ചു. വാദങ്ങൾ കേട്ട കോടതി ഒരാഴ്ചയ്ക്കുള്ളിൽ ഒരു കേസിലെങ്കിലും കുറ്റപത്രം സമർപ്പിക്കണമെന്ന് നിർദേശിച്ചു. കേസ് ഏഴാം തീയതി വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.


