തൃശ്ശൂർ: കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ജനുവരി 3 ശനിയാഴ്ച 12008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻപാട്ട് വിപുലമായി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകളോടെ ആരംഭിച്ച ചടങ്ങുകളിൽ 10.30ന് ഭക്തജനങ്ങൾ 12008 നാളികേരം എണ്ണി കൂട്ടി സമർപ്പിച്ചു. വൈകിട്ട് കക്കാട് രാജപ്പന്മാരാരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക അരങ്ങേറി. അത്താഴപൂജയ്ക്ക് ശേഷം വൈകുന്നേരം 7ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പുണ്ടായി. തുടർന്ന് ഈടും കൂറും, കളം പ്രദക്ഷിണം, കളം പൂജ, കളം പാട്ട് എന്നിവ നടന്നു.
കോമരം കാരക്കുറ രാമചന്ദ്രൻ നായർ നാളികേരമെറിഞ്ഞ് കളം മായ്ച്ച് പ്രസാദം നൽകി കൂറ വലിച്ചതോടെ ചടങ്ങുകൾ സമാപിച്ചു. മൂന്നുനേരവും അന്നദാനവും ഉണ്ടായിരുന്നു. പ്രസിഡന്റ് കെ.കെ. സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകി.






