ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശകരമായി പുരോഗമിക്കവെ, സിനിമാ ലോകത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താൻ എത്തി. സൂപ്പർതാരങ്ങളായ രജനീകാന്ത്, അജിത്ത് എന്നിവർക്ക് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യും നടി തൃഷയും വോട്ട് രേഖപ്പെടുത്തി. ഇരുവരും ഒരേ പോളിംഗ് ബൂത്തിലാണോ വോട്ട് ചെയ്യുക എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, വെവ്വേറെ സ്ഥലങ്ങളിലാണ് താരങ്ങൾ എത്തിയത്.
വിജയ് രാവിലെ തന്നെ ചെന്നൈ നീലങ്കരൈയിലുള്ള പോളിംഗ് ബൂത്തിൽ എത്തി ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങി. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വിജയ്‌യുടെ നീക്കങ്ങളെ അതീവ താല്പര്യത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങൾ നോക്കിക്കാണുന്നത്. നീലങ്കരൈയിൽ എത്തിയ താരത്തെ കാണാൻ ആരാധകരും പ്രവർത്തകരും വൻതോതിൽ തടിച്ചുകൂടുകയും ആവേശത്തോടെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മറുഭാഗത്ത്, നടി തൃഷ ചെന്നൈ ആൽവാർപേട്ടിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. നീലങ്കരൈയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണിത്. തൃഷയുടെ പോളിംഗ് ബൂത്തിലും താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് വോട്ട് ചെയ്യാനെത്തുമെന്ന തരത്തിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നുവെങ്കിലും, വെവ്വേറെ ബൂത്തുകളിൽ എത്തിയതോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമായി.
അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്ത ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് സിനിമാ മേഖലയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് ദിനത്തിലും താരങ്ങളുടെ വരവ് ആരാധകർ ഉറ്റുനോക്കിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും മടങ്ങിയെങ്കിലും താരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ്.




