കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. 19കാരനായ ഒന്നാം പ്രതി സുഹൈലിനെ കനത്ത സുരക്ഷയിലാണ് അപകടസ്ഥലത്തും മറ്റ് ഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോൺസ് ടീമിന്റെ സാന്നിധ്യത്തിലാണ് നടപടികൾ. എറണാകുളം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തെളിവെടുപ്പിന് എത്തിച്ചപ്പോൾ തിരിച്ചറിയാൻ കഴിയാത്തവിധം പ്രതിയുടെ മുടി വെട്ടിയിരുന്നു. ബോർസ്റ്റൽ ഹോമിലെത്തിയ സുഹൈൽ അവിടെയുണ്ടായിരുന്ന ട്രിമ്മർ ഉപയോഗിച്ച് മുടി മുറിച്ചെന്നാണ് വിവരം. എന്നാൽ മുടി മുറിച്ചത് ഹോമിലെ ഉദ്യോഗസ്ഥരല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആലുവ ഡിവൈഎസ്പി ബൈജു കെ. പൗലോസിനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽ വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ചുവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. അതിനുമുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.
അപകടത്തിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചതും സുരക്ഷ വർധിപ്പിക്കാൻ കാരണമായി.
സംഭവദിവസം ഉച്ചമുതൽ ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ആദ്യം വൈറ്റിലയിലെ ബാറിൽ കയറി അമിതമായി മദ്യപിച്ചു. പിന്നീട് വൈകിട്ട് പാലാരിവട്ടത്തെ ബാറിലും തുടർന്ന് നെടുമ്പാശ്ശേരിയിലെ ആഡംബര ഹോട്ടലിലും പുലർച്ചെ വരെ മദ്യപിച്ചതായാണ് കണ്ടെത്തൽ.
പരമാവധി തെളിവുകൾ ശേഖരിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മുഖ്യപ്രതി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷയിൽ വാദം നടന്നപ്പോൾ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കസ്റ്റഡി കാലാവധി അവസാനിച്ച് പ്രതിയെ തിരികെ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് കാറിൽനിന്നുള്ള സാമ്പിളുകൾ, അപകടസ്ഥലത്തെ മണ്ണിന്റെ സാമ്പിളുകൾ, മരിച്ചവരുടെ സാമ്പിളുകൾ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും പ്രതികളുടെ പങ്കും വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.




