കാസർകോട്: ഉദുമ പള്ളിക്കരയിൽ സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ നഷ്ടപ്പെട്ട സ്വർണ്ണത്താലി തിരികെ ലഭിച്ചു. മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമസേനാംഗങ്ങളായ സുജയ്ക്കും സുനിതയ്ക്കുമാണ് ചെരുപ്പിനടിയിൽ ബബിൾ ഗമ്മിൽ ഒട്ടിപ്പിടിച്ച നിലയിൽ താലി ലഭിച്ചത്. പള്ളിക്കര ചെർക്കാപ്പാറയിലെ സുധയുടെ വീട്ടിൽ നിന്ന് ശേഖരിച്ച പഴയ ചെരുപ്പുകൾക്കിടയിൽ നിന്നാണ് ഈ അപ്രതീക്ഷിത നിധി കണ്ടെത്തിയത്.
വിഷുവിനോടനുബന്ധിച്ച് ബന്ധുവായ ജിഷ സുധയുടെ അയൽപക്കത്തെ വീട്ടിൽ വിരുന്നെത്തിയപ്പോഴാണ് ഒരു പവന്റെ താലി നഷ്ടപ്പെട്ടത്. അന്ന് സ്വർണ്ണം തിരയാൻ സഹായിക്കാനിറങ്ങിയ സുധയുടെ ചെരുപ്പിനടിയിൽ ബബിൾ ഗം പറ്റിപ്പിടിക്കുകയും അതിൽ താലി കുടുങ്ങുകയുമായിരുന്നു. താലി നഷ്ടപ്പെട്ട സങ്കടത്തിൽ ജിഷ മടങ്ങിപ്പോയി ആഴ്ചകൾക്ക് ശേഷമാണ്, പൊട്ടിയ ചെരുപ്പ് ഹരിതകർമസേനയ്ക്ക് കൈമാറുന്നത്. ചെരുപ്പിലെ ബബിൾ ഗം നീക്കം ചെയ്യുന്നതിനിടയിൽ സ്വർണ്ണത്തിളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന താലിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സുധയുമായി ബന്ധപ്പെടുകയും താലി ജിഷയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സത്യസന്ധതയോടെ സ്വർണ്ണം തിരികെ നൽകിയ സുജയെയും സുനിതയെയും നാട്ടുകാർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.




