കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചു തുടങ്ങി. 29 പേര്‍ക്ക് 15 ലക്ഷം രൂപയാണ് ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഉള്ളത്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം ലഭിച്ചിരിക്കുന്നത്.
29 പേര്‍ക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് 15 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചത്. ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞവര്‍ഷം ജൂലായ് 30 നുണ്ടായ ഉരുള്‍പൊട്ടല്‍ വിലങ്ങാട് മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കര്‍ഷകരുടെ ലോണുകള്‍ക്ക് മൊറട്ടോറിയം നല്കാന് തിരുമാനിച്ചിരുന്നു.കൃഷി പൂര്‍ണമായും നശിച്ച കര്‍ഷകരുടെ ലോണുകള്‍ക്ക് 5 വര്‍ഷവും മറ്റ് ലോണുകള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് മൊറട്ടോറിയം നല്കാന് തിരുമാനിച്ചിരുന്നത്.






