കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയ സംഭവം ഒത്തുതീർപ്പിലേക്ക് എന്ന് സൂചന. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും വിൻസി മൊഴി നൽകിയതായാണ് വിവരം. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും. റിപ്പോർട്ട് ലഭിച്ചശേഷം നടപടി എടുക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു. താര സംഘടനയായ അമ്മയ്ക്ക് ഷൈൻ വിശദീകരണം നൽകേണ്ടി വരും.ഷൂട്ടിങ്ങിനിടെ മോശം അനുഭവം ഉണ്ടായെന്ന പരാതിയിൽ നടി വിൻസി അലോഷ്യസും ഷൈൻ ടോം ചാക്കോയും ഐസിസിയ്ക്ക് മുന്നിൽ മൊഴി നൽകിയിരുന്നു.
ഇരുവരുടെയും ഭാഗം കേട്ട ശേഷമാണ് ഐസിസി അന്തിമ റിപ്പോർട്ട് ഫിലിം ചേംബറിന് നൽകുന്നത്. നിലവിലെ നടപടികളിൽ തൃപ്തയാണെന്നും നിയമനടപടിക്കില്ലെന്നും വിൻസി അലോഷ്യസ് പറഞ്ഞിരുന്നു.സൂത്രവാക്യം സിനിമയുടെ ഷൂട്ടിങ്ങിനിടെ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിൻസി അലോഷ്യസിന്റെ പരാതിയിലാണ് ഇരുവരും മൊഴി നൽകാൻ ഐസിസിക്ക് മുന്നിൽ എത്തിയത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിൽ മൂന്ന് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. ഇരുവരെയും ഒന്നിച്ച് ഇരുത്തിയും ഒറ്റയ്ക്കും മൊഴിയെടുത്തു.






