തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്ലെയ്ക്ക് കേരളത്തിൽ പ്രണയ സാഫല്യം. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാനാണ് മൊണാലിസയ്ക്ക് താലി ചാർത്തിയത്. അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണ ഗുരു പ്രതിഷ്ഠയ്ക്ക് മുന്നിൽ ബുധനാഴ്ച വൈകീട്ടായിരുന്നു വിവാഹ ചടങ്ങ്.
സിനിമാ ചിത്രീകരണത്തിനായാണ് മൊണാലിസ തിരുവനന്തപുരത്തെ പൂവാറിലെത്തിയത്. ഈ സിനിമയിൽ മുഹമ്മദ് ഫർമാനാണ് നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ഓഡിഷനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു.
വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. മൊണാലിസയുടെ അച്ഛൻ ജയസിങ് ഭോസ്ലെ മകളെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എത്തിയെങ്കിലും പെൺകുട്ടി അതിന് തയ്യാറായില്ല. തുടർന്ന് പോലീസ് മൊണാലിസയെ മുഹമ്മദ് ഫർമാനൊപ്പം വിട്ടയച്ചു. ഇതിനു ശേഷമാണ് ഇരുവരും ക്ഷേത്രത്തിലെത്തി വിവാഹം നടത്തിയത്. നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
വിവാഹച്ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എംപി എ.എ. റഹീം എന്നിവർ എത്തി ആശംസകൾ അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്തതിനു പിന്നാലെ കെ- സ്മാർട്ട് സംവിധാനത്തിലൂടെ ഇരുവർക്കും വിവാഹ സർട്ടിഫിക്കറ്റും നൽകി. കുംഭമേളയ്ക്കിടെ പ്രയാഗ്രാജിൽ രുദ്രാക്ഷമാല വിൽക്കാനെത്തിയ മൊണാലിസയുടെ കണ്ണുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അവൾ ശ്രദ്ധ നേടിയത്.






