തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിന് തുറമുഖത്ത് പോലീസിന്റെയും എസ്‌പിജിയുടെയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്‌തൃതമായ പരിധിയിലും തിരുവനന്തപുരം വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടൽ-ആകാശ പരിധിയിൽ നിരീക്ഷണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. കടൽപരിധിയിൽ നാവികസേനയുടെയും കോസ്റ്റ്‌ഗാർഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും.
ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയിൽ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകൾ ഒരുമിച്ചെത്തുന്നത്. ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. ഡൽഹിയിൽനിന്ന് വായുസേനയുടെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ശംഖുംമുഖത്തുള്ള ടെക്‌നിക്കൽ ഏരിയയിൽ പ്രധാനമന്ത്രി എത്തും.
അവിടെനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ സൈനിക ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാവും വിഴിഞ്ഞം തുറമുഖത്തെ പ്രത്യേകമായി സജ്ജമാക്കിയ ഹെലിപ്പാഡിൽ ഇറങ്ങുക. രാവിലെ 11-ന് എത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിവരെ വിഴിഞ്ഞം തുറമുഖത്ത് ഉണ്ടാകും.






