നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരുമ്പോൾ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അടിയാകട്ടെ കൂടി വരികയാണ്. സർക്കാരിനെതിരായ ജനവികാരം സജീവമായി നിലനിർത്തേണ്ട സമയത്താണ് കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള പോര് കനക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്ക് നേതാക്കൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണ്. പാർട്ടിയുടെ തീരുമാനം കിഴക്കോട്ട് ആണെങ്കിൽ നേതാക്കൾ വടക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും നടക്കുന്ന സ്ഥിതിയാണ് കോൺഗ്രസിൽ ഇപ്പോൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പാർട്ടിക്കുള്ളിൽ മാത്രം നൽകേണ്ട മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ച തെരഞ്ഞെടുപ്പിന് മുൻപിൽ ഒരു വർഷം നിലനിൽക്കുമ്പോൾ ഉയരുന്നത് കോൺഗ്രസിന് ദോഷമേ വരുത്തുകയുള്ളൂ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശശി തരൂർ എംപിയും കെ സുധാകരനും കെ സി വേണുഗോപാലും അടക്കം ഒരു വലിയ നിര തന്നെ മന്ത്രിസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് കോൺഗ്രസിൽ ഉണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദേശീയതലത്തിലും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയിലായിരുന്നു കോൺഗ്രസ്. അതിന്റെ തിരിച്ചടിയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം തുലോം തുച്ഛമായത്. കേരളത്തിലും ഈ പോക്ക് പോയാൽ കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാറും.
സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും അതിനെ ഭരണ മാറ്റത്തിലേക്ക് നയിക്കുന്നതിനുള്ള സംവിധാനം യുഡിഎഫിന് ഉണ്ടോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഡിഎഫിനുള്ളിലെ പ്രധാന പാർട്ടിയായ കോൺഗ്രസിനുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും സംഘർഷങ്ങളുമാണ് എല്ലാവരിലും അത്തരമൊരു ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ തർക്കങ്ങളും പൊട്ടിത്തെറികളും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു. എന്നിരുന്നാലും അന്നൊക്കെ കോൺഗ്രസിന് അധികാരത്തിൽ എത്തുന്നതിന് അതൊന്നും തടസ്സമായിരുന്നില്ല. നേതാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിയെ ജനങ്ങൾ ഏറ്റെടുക്കുകയും അധികാരത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ ആൾക്കൂട്ടത്തിന്റെ പിന്തുണ കോൺഗ്രസിന് ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ആൾക്കൂട്ടങ്ങൾ എവിടെയും ഇല്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുമ്പോൾ പണിയെടുക്കാതെ കോൺഗ്രസ് വിജയിക്കുകയെന്നത് എളുപ്പമല്ല. കൂട്ടത്തിൽ ആരാണ് മികച്ചത്, ആരാകും മുഖ്യമന്ത്രിയാകുക തുടങ്ങിയ തർക്കങ്ങളാണ് കോൺഗ്രസിനുള്ളിൽ ഇന്നുള്ളത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അത്ര രസത്തിലല്ല. ഇരുവർക്കും ഇടയിലെ തർക്കം പലയാവർത്തി പുറംലോകത്തേക്ക് എത്തിയിട്ടുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം നിൽക്കുമ്പോൾ കോൺഗ്രസിന് അത് അതിജീവനത്തിന്റെ കൂടി പോരാട്ടമാണ്. ഏതു വിധേനയും അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ അത് കോൺഗ്രസിന് നൽകുക കനത്ത പ്രഹരമാകും. ഈ ചിന്ത സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് ഇല്ലെങ്കിലും ദേശീയ നേതൃത്വത്തിന് ചെറുതായെങ്കിലും ഉണ്ട്. സംസ്ഥാനത്തിന്റെ ചുമതലയിലുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുടെയും പാർട്ടിയുമായി ചേർന്ന് നിൽക്കാറുള്ള രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായങ്ങൾ തേടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി ആകുവാൻ കുപ്പായം തയ്ച്ചു വെച്ചിരിക്കുന്ന നേതാക്കൾ അവരുടെ ഒപ്പം പ്രവർത്തകരെയും മറ്റു നേതാക്കളെയും മത്സരിച്ച് രംഗത്തിറങ്ങുമ്പോൾ ഇപ്പോൾ ഉയരുന്ന പേരുകൾക്കപ്പുറം മറ്റു സാധ്യതകൾ കൂടി തേടുകയാണ് ദേശീയ നേതൃത്വം. കോൺഗ്രസ് ഹൈക്കമാന്റിന്റെ മനസ്സിലുള്ള പേരുകളിൽ മുൻപന്തിയിൽ ഉള്ളത് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആണ്. കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പാർട്ടിക്കുള്ളിൽ നല്ലൊരു ശതമാനം പ്രവർത്തകർക്കും വളരെ വലിയ സ്വീകാര്യതയുള്ള നേതാവാണ് വി എം സുധീരൻ.മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ സ്വീകാര്യനാണ് സുധീരന്‍. നിരവധി തവണ ജനപ്രതിനിധിയായി നിലകൊണ്ടിട്ടുള്ള സുധീരന് നേരെ ഒരൊറ്റ അഴിമതി ആരോപണം പോലും ഒരു ഘട്ടത്തിലും ഉയർന്നിരുന്നില്ല. മദ്യത്തിനും മയക്കുമരുന്നിനും എതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ വലിയൊരു വിഭാഗം സ്ത്രീകൾക്ക് ഇടയിൽ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. സംഘടനാപരമായി ഏറെ ശക്തിയുള്ള ഇടതുപക്ഷവുമായി ഏറ്റുമുട്ടുമ്പോള്‍ സുധീരനെ പോലെ ജനങ്ങള്‍ക്കിടയില്‍ ഏറ പ്രതിച്ഛായ ഉള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നതാണ് ലീഗ് അണികളും ആഗ്രഹിക്കുന്നത്.






