ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള അവസാന തീയതി മാർച്ച് 15 ആയതിനാലാണ് പ്രഖ്യാപനം കുറച്ച് വൈകുന്നതെന്നാണ് വിവരം.
ഫെബ്രുവരി 28നാണ് പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയ്‌ക്കെതിരെ പരാതികൾ നൽകാനുള്ള സമയം മാർച്ച് 15ന് അവസാനിക്കും. അതിനുശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് കമ്മീഷന്റെ തീരുമാനം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് പദ്ധതി. അസമിൽ മൂന്ന് ഘട്ടമായും പശ്ചിമ ബംഗാളിൽ അഞ്ച് ഘട്ടമായും തിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളിൽ ഇത്തവണയും കേന്ദ്രസേനയെ വിന്യസിക്കും. മലബാർ മേഖലയിലാണ് കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ളത്. ഏപ്രിൽ 20നും 30നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.






