തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ സ്വീകരിക്കുന്നില്ലെന്ന് കുടുംബം. പാർട്ടി തീരുമാനം കുടുംബം അംഗീകരിക്കുകയാണെന്ന് അറിയിച്ചു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കുമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിരസിച്ചിരുന്നുവെന്നായിരുന്നു പാർട്ടിയുടെ നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു അത്. വി.എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തീരുമാനമെടുത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ ബഹുമതിക്ക് വി.എസ് അർഹനായെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്നലെയാണ് കുടുംബത്തിന് ലഭിച്ചത്. ഇക്കാര്യം അറിയിച്ച് അരുൺകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും തങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു.




