തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാസര്‍കോട് മൊഗ്രാല്‍ പത്തനംതിട്ട മണിമല എന്നീ നദികളിലാണ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ, അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും മുന്നറിയിപ്പിലുണ്ട്.
അതേസമയം, കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മുതല്‍ ജൂലൈ 26 വരെ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.






