വയനാട്: മുണ്ടക്കൈ – ചുരൽമൈല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകിക്കൊണ്ടിരുന്നു വാടക മുടങ്ങി. ഈ മാസം ആറാം തീയതിക്ക് മുൻപ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും ലഭിച്ചില്ല. ഇതോടെ വാടക വീടുകളിൽ കഴിയുന്നവർ പ്രതിസന്ധിയിലായിരിക്കുകയാണ്.
നിലവിൽ 547 കുടുംബങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. വാടക നൽകുന്ന സിഎംഡിആര്‍എഫ് അക്കൗണ്ടിൽ എട്ടു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. വാടക നൽകാൻ ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് കഴിഞ്ഞ 16 ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തലത്തിൽ നടപടി ഉണ്ടായില്ല. എത്രയും വേഗം സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ദുരന്തബാധിതർക്ക് കൂടുതൽ പ്രതിസന്ധിയിലാകും.
ഇതിനിടെ ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇനിയും പുറത്തിറങ്ങിയിട്ടില്ല. 452 പേരുടെ പട്ടികയാണ് ടൗൺഷിപ്പിലെ ഗുണഭോക്താക്കളായി ജില്ലാ ഭരണകൂടം നൽകിയത്. 402 പേരുടെ പട്ടികക്ക് പുറമെ 50 പേരെ കൂടി ഉൾപ്പെടുത്തണമെന്ന ശുപാർശ ജില്ലാ ഭരണകൂടം സർക്കാരിന് നൽകി. ഡിഡിഎംഐ യോഗം ചേർന്ന് ജില്ലാ ഭരണകൂടം പട്ടിക സർക്കാരിന് കൈമാറിയിട്ടുണ്ട്.






