ഡൽഹി: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയിയുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനെതിരെ പ്രതിപക്ഷ നിരയിൽ പ്രതിഷേധം ശക്തമാകുന്നു. ഇൻഡ്യാ മുന്നണിയിലെ പ്രമുഖ കക്ഷിയായ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. കോൺഗ്രസിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യകക്ഷികളെ തഴയുന്ന കോൺഗ്രസ് നിലപാടിനെയാണ് അഖിലേഷ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കൊൽക്കത്തയിലെത്തി മമത ബാനർജിയെയും അഭിഷേക് ബാനർജിയെയും സന്ദർശിച്ച ശേഷമാണ് അഖിലേഷിന്റെ ഈ പ്രതികരണം
.
തമിഴ്നാട്ടിൽ വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന ഡിഎംകെയെ ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് കോൺഗ്രസ് മാറിയത് ദേശീയതലത്തിൽ തന്നെ ഇൻഡ്യാ മുന്നണിക്കുള്ളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. നിർണായക നിമിഷത്തിൽ കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ ആരോപണം. കോൺഗ്രസിന്റെ ഇത്തരം അപ്രതീക്ഷിത നീക്കങ്ങൾ സഖ്യകക്ഷികൾക്കിടയിൽ അവിശ്വാസം വളർത്തുന്നുണ്ടെന്നും മുന്നണിയുടെ ഭാവി ചോദ്യചിഹ്നത്തിലാണെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളും സൂചിപ്പിക്കുന്നു. അതേസമയം, പ്രതിപക്ഷ നിരയിലെ ഈ ഭിന്നതയെ പരിഹസിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി.
ഇൻഡ്യാ സഖ്യം വരും ആഴ്ചകളിൽ പൂർണമായും തകരുമെന്നും പരാജയപ്പെട്ടതിന് ശേഷം മാത്രം ഐക്യം കാണിക്കുന്നത് പരിഹാസ്യമാണെന്നും ബിജെപി എംപി സാംബിത് പത്ര പ്രതികരിച്ചു. ബംഗാളിലെ തിരിച്ചടിക്ക് പിന്നാലെ മമത ബാനർജി രാജിവെക്കാത്തത് ജനാധിപത്യത്തോടുള്ള അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഖ്യകക്ഷികൾക്കിടയിലെ അസ്വാരസ്യങ്ങൾ വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പായിട്ടുണ്ട്.






