വയനാട്: മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മേപ്പാടി താഴെ അരപ്പറ്റ സ്വദേശികളായ സി.കെ. വിനോദ് (51), പി. സിറാജ് (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാളത്തൂരിലെ ഒരു എസ്റ്റേറ്റിൽ നിന്നാണ് പല ദിവസങ്ങളിലായി മോഷണം നടന്നത്. ഏകദേശം 1,12,500 രൂപ വിലവരുന്ന 45 അലുമിനിയം പൈപ്പുകളും 20,000 രൂപ വിലവരുന്ന ഉണ്ടക്കാപ്പിക്കുരുവുമാണ് മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.
എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിൽ നിന്ന് പൈപ്പുകൾ രാത്രി സമയങ്ങളിൽ വാഹനത്തിൽ കടത്തുകയായിരുന്നു. പിന്നീട് റിസോർട്ടിലെ സ്റ്റോർ റൂമിന്റെ പൂട്ട് പൊളിച്ച് കാപ്പിക്കുരുവും മോഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എസ്റ്റേറ്റ് മാനേജരുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് വിരലടയാള പരിശോധന, ഡോഗ് സ്‌ക്വാഡ് പരിശോധന, സിസിടിവി ദൃശ്യങ്ങളുടെ വിശകലനം എന്നിവ നടത്തിയ ശേഷമാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.






