തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നില്‍ക്കുന്ന 1600 രൂപയും നവംബര്‍ മാസം മുതല്‍ വര്‍ധിപ്പിച്ച 2000 രൂപയും ചേര്‍ന്നാണ് ഈ തുക. ഇതോടുകൂടി പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ക്കപ്പെടും.
ഈ വിതരണത്തിനായി ധനവകുപ്പ് ഒക്ടോബര്‍ 31-ന് 1864 കോടി രൂപ അനുവദിച്ചിരുന്നു. ആകെ 63,77,935 പേര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഓരോ മാസവും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ട്.
പെന്‍ഷന്‍ തുക മാസം 400 രൂപ വര്‍ധിച്ചതോടെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന് നേരത്തെ വേണ്ടിയിരുന്ന 900 കോടിയോളം രൂപയ്ക്ക് പകരം ഇപ്പോള്‍ 1050 കോടി രൂപയോളം ആവശ്യമുണ്ട്.
ഗുണഭോക്താക്കളില്‍ ഏകദേശം പകുതി പേര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ മുഖാന്തരം വീട്ടുപടിക്കലും പെന്‍ഷന്‍ എത്തിച്ചു നല്‍കും.






